കേരളത്തിലാരുടെയും ശ്രദ്ധയിൽ പെടാതെ ഒരു പരിവർത്തനം നടക്കുന്നുണ്ട്- അമ്പലങ്ങളിലെ ദൈവ മാറ്റം. കേരളത്തിലെന്നും ദൈവങ്ങളുടെ ചരിത്രം വിചിത്രമാണ്. ഓരോ കാലഘട്ടങ്ങളിലും തനതു സമൂഹങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുടെ പ്രാധാന്ന്യങ്ങൾക്കനുശ്രുതമായി മാറ്റി മറിക്കപ്പെട്ട ഒരു ചരിത്രമാണ് ദൈവങ്ങൾക്കുള്ളത്. നൂറ്റാണ്ടുകൾക്കപ്പുറത്തെ ചരിത്രം ചരിത്രകാരന്മാർക്കു വിട്ടുകൊടുത്ത് കഴിഞ്ഞ പത്തുനാല്പതു കൊല്ലത്തെ ചരിത്രമെടുത്താൽ തന്നെ ഈ വ്യതിയാനങ്ങൾ തിരിച്ചറിയാവുന്നതാണ് . പൊതുവെ കേരളത്തിലെ ദൈവങ്ങളെ മൂന്നായി ആയി തരാം തിരിക്കാം
൧. വൈദീക പാരമ്പര്യമുള്ളവ.
൨ താന്ത്രിക പാരമ്പര്യമുള്ളവ
൩. ഗോത്ര സംസ്കാര പാരമ്പര്യമുള്ളവ
ഇവയിൽ ആദ്യകൂട്ടത്തിൽ പൊതുവെ ശൈവ കുടുംബത്തിലെ ദൈവങ്ങളെയും , വൈഷ്ണവ കുലത്തിലെ ദൈവങ്ങളെയും , രാമായണ കുടുംബത്തിലെ ദൈവങ്ങളെയും, യജ്ഞ സംസ്കാര കുടുംബത്തിലെ ദൈവങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നു. യജ്ഞ കുടുംബത്തിലെ ദൈവങ്ങൾ ഇന്ന് പൊതുവെ അമ്പലങ്ങളിൽ കാണാറില്ല. അവരധികവും വൈദീക പാരമ്പര്യ കുടുംബ സ്വത്തുക്കളായി തീർന്നിരിക്കുന്നു. രണ്ടാമത്തെ കൂട്ടത്തിൽ ആദ്യ കൂട്ടത്തിലെ ദൈവങ്ങളും, ഗോത്ര സംസ്കാരത്തിൽനിന്നും പരിവർത്തനം ചെയ്തെടുത്ത പോഷക ദൈവങ്ങൾ എന്നറിയപ്പെടുന്ന ദേവി കുടുംബത്തിലെ ദൈവങ്ങളും, സർപ്പകാവുകളും, ബ്രഹ്മരക്ഷസ്സ് പോലെ പ്രേത പിശാചുക്കളും, അയ്യപ്പനെ പോലെ അധികമൊന്നും ചരിത്രമില്ലാത്ത ദൈവങ്ങളും ഉൾപ്പെടുത്തി അമ്പലങ്ങളിൽ ആരാധിക്കപ്പെടുന്നു . എന്നാൽ ഗോത്ര സംസ്കാര പ്രേത, പിശാച് , തെയ്യം , സർപ്പം തുടങ്ങിയ ദൈവങ്ങൾ വൈദീക പാരമ്പര്യങ്ങളിൽ നിന്നുമകന്നു കാവുകളിലും, വയലുകളിലും, കുടുംബങ്ങളിലും തനതു സംസ്കാരത്തിന്റെ ആരാധന സമ്പ്രദായങ്ങൾക്കനുശ്രുതമായി കെട്ടിയാടപ്പെടുന്നു.
എന്നാൽ ഗൾഫ് പണം കേരളത്തിൽ കൊണ്ടുവന്ന സാമൂഹിക പരിവർത്തനം കേരളത്തിലെ ഗ്രാമങ്ങളെ ഒട്ടൊന്നുമല്ല മാറ്റി മറച്ചത്. കേരളത്തിൽ എഴുപതുകൾ വരെ നീണ്ടു നിന്ന സാമ്പത്തികവും സാമൂഹീകവുമായ ബൂർഷ്വാ- ജാതി ഘടനകളെ മറികടന്നു ഗൾഫ് പണം ഒരു പുത്തൻ സമ്പത്ഘടന പടുത്തുയർത്തിയപ്പോൾ ഏറ്റവും അധികം മാറ്റപ്പെട്ടതും മുകളിൽ പറഞ്ഞ ആരാധനാ സന്പ്രദായങ്ങൾ ആയിരുന്നു.
ഈ വൈദീക- താന്ത്രിക മേൽക്കോയ്‌മാക്കും, ഗോത്ര സംസ്കാര അപചയത്തിനും ഇടതുപക്ഷ ചിന്താസരണികൾ ചെയ്ത സംഭാവനകൾ അപ്രമാദമാണ്. ഇടതു പക്ഷ ചിന്തകർ ഗോത്രസംസ്കാര ദൈവങ്ങളെ കലയാക്കി തെരുവിലിറക്കി ജാഥകകളുടെ ഭാഗമാക്കിയപ്പോൾ, വൈദീക- താന്ത്രിക ദൈവങ്ങളെ ദൈവങ്ങളായി തന്നെ നിലനിർത്തി. അറിയാതെയോ അറിഞ്ഞോ ഈ പ്രവർത്തികൾ ഹിന്ദുത്വ അജണ്ടകളാണ് പ്രയോഗത്തിൽ വരുത്തിയത്. സമൂഹം പതിയെ ഗോത്രസംസ്കാര ദൈവങ്ങൾക്ക് രണ്ടാം സ്ഥാനവും വൈദീക- താന്ത്രിക ദൈവങ്ങൾക്ക് പ്രഥമ സ്ഥാനവും നൽകി. അതിലും മുകളിലായി സാംസ്കാരികപരമായി സമൂഹത്തിൽ വൈദീക- താന്ത്രിക പാരമ്പര്യങ്ങൾക്കു അപ്രമാദിത്യവും കൊണ്ടുവന്നു.
ഇപ്പോൾ നടന്ന ശബരിമല പെരുമാറ്റം ഈ പശ്ചാത്തലത്തിൽ വേണം തിരിച്ചറിയാൻ. ശബരിമലയും ശാസ്താവും ഗോത്രസംസ്കാര പ്രതിബിംബങ്ങളാണ്, അയ്യപ്പൻ വൈദീക- താന്ത്രിക സംസ്കാരത്തിന്റെ പ്രതിബിംബവും. ഇതൊരു മൊഴിമാറ്റം മാത്രമല്ല ഒരു സാംസ്കാരിക മേകോയ്മയുടെ സ്ഥാപനവും കൂടിയാണ്. ഗൾഫ് പണവും, ഇടതുപക്ഷവും സംഭാവന ചെയ്ത ഒരു സാംസ്കാരിക പുനർപ്രക്രിയയുടെ അനന്തര ഫലമാണിത് . ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കേണ്ടതായ ഒരു കാര്യവുമാണിത്. എന്നാൽ രാജ്യവ്യാപകമായി നടക്കുന്ന സാംസ്കാരിക മേൽക്കോയ്മ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ തീർച്ചയായും ഇത് ഭീതി ജനകമാണ്.