ശ്രീ നാരായണ ഗുരുവിനെ ഉത്തരാധുനിക പഠനത്തിന് വിധേയമാക്കി സിദ്ധാന്തവത്കരിക്കുന്ന പലരും മറന്നുപോകുന്നതായി കാണുന്നത് അദ്ദേഹം ആത്യന്തീകമായി അദ്വൈതാചാര്യനായിരുന്നു എന്നതാണ് . എന്നുവച്ചാൽ, വേദാധിഷ്ടിത ഹിന്ദുമതത്തിലെ പ്രശ്നത്രയി ( ഉപനിഷദ്, ബ്രമ്ഹ സൂത്ര, ഭഗവദ് ഗീത )നിഷ്കർഷിക്കുന്ന ബ്രഹ്മൻ എന്ന ആശയത്തെ താത്വീകമായി അംഗീകരിക്കുയും അതിനെ സ്ഥാപനവൽക്കരിക്കാനായി ആദി ശങ്കരൻ അവതരിപ്പിച്ച ദശനാമി സമ്പ്രദായത്തിലുള്ള സന്യാസരീതി അംഗീകരിക്കുകയും, ഹിന്ദു മതത്തിലെ സ്മാർത്ത ആചാരണത്തിലൂടെ - ശിവ, വിഷ്ണു, ദേവി, സൂര്യ, ദുർഗ, ഇഷ്ടദേവത എന്നീ ദൈവങ്ങളുടെ (സഗുണ ബ്രഹ്മൻ ) ആരാധനയിലൂടെ അദ്വൈതത്തിൽ (നിർഗുണ പരബ്രഹ്മൻ) എത്തിച്ചേരും എന്ന ആരാധന വിശ്വാസക്രമം അനുസരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തൊരു വ്യക്തിയായിരുന്നു ഗുരു. അദ്ദേഹം ദാസനാമി സമ്പ്രദായം നിഷ്കർഷിക്കുന്ന സ്മാർത്ത ആചരണത്തിന്റെ ഭാഗമായി പ്രേത-ഭൂത- മൃഗബലിയെ ശിവൻ, വിഷ്ണു, ദേവി, സൂര്യൻ, സുബ്രഹ്മണ്യൻ (ഇഷ്ടദേവത) കൊണ്ട് മാറ്റിപ്രതിഷ്ഠിക്കാൻ ശ്രമിച്ചതും അതിനായി വിദ്യാഭ്യാസത്തിനു ഊന്നൽ നൽകുകയും സംഘവും സ്ഥാപനങ്ങളും ആരംഭിക്കുകയും ചെയ്തതും ഗുരു നടപ്പിലാക്കിയ രാഷ്ട്രീയ സാമൂഹ്യ പരിഷ്കാരത്തിന്റെ ഭാഗമായാണ് അവതരിക്കപ്പെടുന്നത് . ആദി ശങ്കരൻ അദ്വൈതം സ്ഥാപനവൽക്കരിക്കാൻ സ്വീകരിച്ചോരു മാർഗമായിരുന്നു ഇത്. കൂടാതെ അദ്വൈതത്തിൽ ജാതി എന്നൊരവസ്ഥയോ മതമെന്നൊരാവസ്ഥയോ എവിടെയും സാധ്യമല്ലാത്തൊരു കാര്യവുമാണ്. ഗുരു വ്യവസായത്തിലും വാണിജ്യത്തിലും ഊന്നൽ നൽകിയത് പോലും, അദ്ദേഹമുൾപ്പെട്ട സമുദായത്തെ ആദ്ധ്യാത്മീകതയുടെ മാർഗത്തിൽ നിന്നും മനുഷ്യനെ വ്യതിചലിപ്പിക്കുന്ന കള്ളൂ ചെത്തലിൽനിന്നും മോചിപ്പിക്കാനായിരുന്നു. ഗുരു സ്മാർത്ത പദ്ധതിയിലൂന്നിയ ഇത്തരം സാമൂഹ്യപരിഷ്കാരങ്ങളെ അദ്ദേഹം ഉൾപ്പെട്ട അബ്രാഹ്മണ സമൂഹത്തിന്റെ അദ്വൈതത്തിലേക്കുള്ള ആത്മീയമാർഗമായി കണ്ടപ്പോൾ, ഡോക്ടർ പൽപ്പുവിനെപ്പോലുള്ള നേതാക്കന്മാർ അദ്ദേഹം ഉൾപ്പെട്ട ഈഴവ സമൂഹത്തിന്റെ രാഷ്ട്രീയവും ശാസ്ത്രീയവുമായ ശാക്തീകരണമായാണ് കണ്ടത്. ഈ കാഴ്ചപ്പാടിലെ അന്തരമായിരുന്നു ഡോക്ടർ പൽപ്പുവിന്റെ നേതൃത്വത്തിലുള്ള SNDP യുമായുള്ള ഗുരുവിന്റെ സ്വരച്ചേർച്ചക്കുള്ള കാരണവും. രണ്ടും അതാതിടത്തു മഹത്തായ കാര്യങ്ങൾ തന്നെയാണ്. എങ്കിലും ഇന്ന് പലരും ഡോക്ടർ പൽപ്പുവിന്റെ രാഷ്ട്രീയ വീക്ഷണകോനുള്ളൊരാളായി ഗുരുവിനെ സ്ഥാപനവൽക്കരിക്കുന്നതു ഗുരുവിനോട് ചെയ്യുന്ന ഏറ്റവും വലിയ കൊടും ക്രൂരതയായിരിക്കും. ശ്രീ നാരായണ ഗുരു അദ്വൈതിയായ ഒരതിമഹാനായ ആത്മീയാചാര്യനായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അദ്ദേഹമല്ലാതായിരുന്ന ഒരു രാഷ്ട്രീയ സാമൂഹീക പരിഷ്കർത്താവാക്കാതിരിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. അതദ്ദേഹം തിരസ്കരിച്ചോരു രീതിബോധം മാത്രമല്ല അതൊട്ടേറെ ആശയ വൈരുദ്ധ്യങ്ങളിലേക്കു നയിക്കുകയും ചെയ്യും. അത് ഗുരുവിന്റെ ആത്മീയത തിരസ്കരിക്കുന്ന ജാതിബോധമായ ചാതുർവർണ്യത്തിന്റെ വക്താക്കളായ ബ്രാഹ്മണ വ്യവസ്ഥ നടപ്പിലാക്കിയെടുക്കുന്ന വിനിയോഗത്തിന്റെ (appropriation) രീതിശാസ്ത്രം കൂടിയാണ്.
No comments:
Post a Comment