ഞാൻ ജീവിച്ച നഗരങ്ങളിൽ നിന്നെല്ലാം കേട്ടിട്ടുള്ളതാണ്, നഗരങ്ങളിൽ വന്നാൽ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉള്ള ഒരു രക്ഷപെടലിനെക്കുറിച്ച്. തന്റെ കഴിവും കഴിവുകേടുകളും ആരും അറിയില്ലല്ലോ എന്ന സമാധാനമാണ് എല്ലാവരും അതിനു പറയുന്ന ന്യായീകരണം. എങ്കിലും ഒന്ന് കൈ നീട്ടിയാൽ, കാലു നീട്ടിയാൽ അപരനെ തട്ടി തടയുന്നത്ര ജനപ്രവാഹമൊഴുകുന്ന ഇന്ത്യയിലെ തെരുവിലാരായുന്ന ഈ ഒറ്റപ്പെടൽ ഒരിക്കലും അന്ന്യം നിന്നുപോകലല്ല. മനുഷ്യരെന്നും ചുറ്റിലുണ്ട്. ഒരു വിളിപ്പാടകലെ ഒരു കൈത്താങ്ങിന് ആരൊക്കെയോ ഉള്ളത് പോലെ ഒരു തോന്നലെന്നും ബാക്കിയുണ്ട്. എന്നാൽ ജീവിതം കെട്ടിപ്പടുത്താൻ ഗൾഫ് രാജ്യങ്ങളല്ലാത്ത വിദേശരാജ്യങ്ങളിൽ അഭയം തേടുന്ന ഒട്ടുമുക്കാലും ഇന്ത്യക്കാരുടെയും കാര്യമതല്ല. ഒരൊറ്റപ്പെടുന്നവരുടെ ലോകമാണവരുടേത്.
ഒഴിഞ്ഞ തെരുവുകളിൽ
ഒറ്റപ്പെട്ട കോളോണികളിൽ
തന്റെ അയൽവാസികളായ വെള്ളക്കാരോടോ കറുത്തവരോടോ സാംസ്കാരികമായിടപെടാൻ കഴിയാതെ, നേടെണ്ട ഗ്രീൻ കാർഡിനെയോ പി ആറിനേയോ ഭയന്ന് , കേവലം "ഒഫീഷ്യലായുള്ള -മാറ്റർ ഓഫ് ദി ഫാക്ട് " ബന്ധങ്ങളും വർഷത്തിലൊരിക്കലോ രണ്ടുവട്ടമോ പോകുന്ന യാത്രകളിലെ ഫോട്ടോആഘോഷങ്ങളിലും ഒതുങ്ങുന്ന ഒറ്റപ്പെടലുകളാണ് യൂറോപ്പിലെയും അമേരിക്കയിലെയും ഒട്ടു മിക്ക ഇന്ത്യക്കാരുടെയും ജീവിതങ്ങൾ.
ലോകപ്രശസ്തമായ ഒരു യൂറോപ്യൻ ശാസ്ത്ര സംഘടനയിൽ വലിയ നിലയിലുള്ള എന്റെ സുഹൃത്തിന്റെ ഇമെയിൽ എനിക്ക് കിട്ടിയതിലിങ്ങനെ എഴുതിയിട്ടുണ്ട് "ജനാലയ്ക്കു പുറത്തു തണുപ്പ് നിറഞ്ഞു തുടങ്ങി. അതിനുമെത്രയോ മുന്നിൽ തണുത്തു മരവിച്ചു പോയ മനസ്സിന് അതെല്ലാം ഇനിയെത്ര കാര്യമൊന്നുമല്ല. പണ്ട് ചെറുപ്പത്തിൽ അന്പലപ്പറന്പിൽ നാളെയെന്തെന്നറിയാതെ ആരുമടുത്തില്ലാതെ സന്ധ്യാ സമയത്ത് മലർന്നു കിടക്കുന്പോൾ ഒരൊറ്റപ്പെടലുണ്ടായിരുന്നു. എന്നാലിന്നത്തെയെന്റെ ഒറ്റപ്പെടലിന്റെ മുന്നിൽ അതൊക്കെ സ്വർഗ്ഗമായിരുന്നു. ഈ കഴിഞ്ഞ മുപ്പതുകൊല്ലത്തിനുള്ളിൽ പ്രൊഫഷണൽ ബന്ധങ്ങളല്ലാതെ നാട്ടിലെനിക്കാരെയുമറിയില്ല. ഇവിടെയും. എല്ലായിടത്തും ഞാൻ അന്യപ്പെട്ടുകഴിഞ്ഞു. വേണ്ടിയിരുന്നില്ലെടാ ഒന്നും. നിന്നെപ്പോലെയൊക്കെ അവിടെയെന്തെങ്കിലും ചെറിയ ജോലിയൊക്കെ ചെയ്തു ജീവിച്ചാൽ മതിയായിരുന്നു. മരിക്കുന്പോൾ അമ്മയെ കാണാൻ കൂടി കഴിഞ്ഞിട്ടില്ല എനിക്ക്."
എന്ത് തിരിച്ചെഴുതുമെന്നറിയാതെ ആ മെയിൽ ഇപ്പോഴും അവിടെ മറുപടിയില്ലാതെ കിടപ്പുണ്ട്. ഒരു വിളിപ്പാടകലെയുള്ള അച്ഛനേയുംഅമ്മയെയും കാണാൻ പോകാത്ത മക്കളും കൂടിയുള്ള നാടാണെങ്കിലും ഇവിടെ മനുഷ്യർ ഒറ്റപ്പെട്ടാലും അന്ന്യം നിന്ന് പോകാറില്ലെന്ന അവന്റെ ദുഃഖത്തിനോട് ഞാൻ എന്ത് മറുപടിയെഴുതാൻ !
No comments:
Post a Comment